2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം, ജില്ല : തൃശ്ശൂര്‍, ലോകസഭ മണ്ഢലം : ചാലക്കുടി, നിയമസഭ മണ്ഢലം : ചാലക്കുടി, താലൂക്ക് : ചാലക്കുടി, ജില്ലാ പഞ്ചായത്ത് - തൃശ്ശൂര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ - കൊരട്ടി, ബ്ലോക്ക് പഞ്ചായത്ത്: ചാലക്കുടി, ആകെ വാര്‍ഡുകള്‍ - 21

വില്ലേജുകള്‍ : 1. കൊരട്ടി കിഴക്കുംമുറി, 2. മുരിങ്ങൂര്‍ തെക്കുമുറി, ജനസംഖ്യ ( 2011 ) : 32523, വിസ്തീര്‍ണ്ണം : 23.42 ച.ക.മീ. 

അതിരുകള്‍ - കിഴക്ക് കറുകുറ്റി പഞ്ചായത്ത്, തെക്ക് - പാറക്കടവ്, കറുകുറ്റി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് - കാടുകുറ്റി, അന്നമനട ഗ്രാമപഞ്ചായത്തുകള്‍, വടക്ക് - മേലൂര്‍ ഗ്രാമപഞ്ചായത്ത്.

കൊരട്ടിയുടെ ചരിത്രം

കൊരട്ടി സ്വരൂപം എന്ന നാടുവാഴി കുടുംബന്റെ നാമം ഒരു നാടിന്റെ തന്നെ പേരായി മാറുകയായിരുന്നു. 1952-ൽ ആണ് കൊരട്ടി പഞ്ചായത്ത് രൂപീകൃതമായത് അതിന് മുൻപും ഈ സംവിധാനം നിലനിന്നിരുന്നു. നികുതിദായകരിൽ 21 വയസ്സ് പൂർത്തിയായവരും പത്താം തരമോ (Vth Form) അതിൽ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരോ ആയിരുന്നു വോട്ടവകാശം ഉള്ള പൗരന്മാർ ഇവരാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും അദ്ദേഹത്താൽ നാമനിർദേശം ചെയ്യപ്പെട്ട വോട്ടവകാശം ഉള്ള നാലുപേരും അടങ്ങിയ അഞ്ചംഗ ഭരണ സമിതിയായിരുന്നു അന്നത്തെ സംവിധാനം വഴിവിളക്കുകൾ സ്ഥാപിക്കുക. റോഡുകൾ ശുചീകരിക്കുക, റോഡു കൾ നന്നാക്കുക ഇങ്ങനെ പരിമിതമായ അധികാരങ്ങളും ചുമതലകളും മാത്രമുള്ള ഒരു ഭരണസമിതി ആയിരുന്നു.

1952-ൽ പഞ്ചായത്ത് നിലവിൽ വരുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട എഴ് അംഗങ്ങൾ ഉണ്ടായിരുന്നു. അന്ന് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നു പഞ്ചായത്ത് കൊരട്ടി സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 590 സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നു. ഈ പഞ്ചായത്ത് രൂപീകൃതമായതിന് ശേഷം ഇതുവരെ ഏതെങ്കിലും ഭൂവിഭാഗം ഇതിനോട് കൂട്ടിച്ചേർക്കപ്പെടുകയുണ്ടായിട്ടില്ല.

ഇതരഭാഗങ്ങളിൽ എന്നപോലെ സവർണ്ണ നാടുവാഴി മേധാവിത്വം ഈ പഞ്ചായത്തിലും നിലനിന്നിരുന്നു.

കൊരട്ടി സ്വരൂപത്തിലെ തമ്പാന്മാരായിരുന്നു നാടുവാഴികൾ, സ്വാഭാവികമായും ഭൂസ്വത്തിൻ്റെ ഏറിയ പങ്കും സവർണ്ണ കുടുംബങ്ങളുടേതായിരുന്നു. കൊരട്ടി സ്വരൂപം, മംഗലശ്ശേരി മന, പൂത്തടി മന, തെക്കേടത്തു പടനായർ, പള്ളിപ്പാടൻ പൗലോസ് എന്നിവരായിരുന്നു ഇതിൽ പ്രമുഖർ. മറ്റു ഏതാനും നായർ തറവാട്ടുകാരും ഈ പട്ടികയിൽ വരുന്നു. ജനസംഖ്യയിൽ ബാക്കിയുണ്ടായിരുന്നവർ കുടികടപ്പുകാരോ അല്ലെങ്കിൽ തുണ്ടു ഭൂമിയുടെ അവകാശികളോ ആയി കഴിഞ്ഞുപോന്നു ജനങ്ങളിൽ പകുതി സവർണ്ണരും ബാക്കിയുള്ളവർ ദരിദ്രരായ അവർണ്ണരും അങ്ങനെ ഫ്യൂഡലിസം അതിന്റേതായ എല്ലാ സവിശേഷതകളും ഈ ഗ്രാമത്തിലും നില നിർത്തിയിരുന്നു.

ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ അതിന്റെ പ്രതിഫലനം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഈ പഞ്ചായത്തിലും കണ്ടുതുടങ്ങു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ആവിർഭാവം മാറ്റത്തിന്റെ വേഗതയ്ക്ക് കാരണമായി.

തികച്ചും കർഷക ഗ്രാമമായിരുന്ന കൊരട്ടി ഗ്രാമപഞ്ചായത്ത് സ്വാതന്ത്യ്രത്തിന് മുൻപ് എടുത്തുപറയാവുന്ന ഒരു വ്യവസായവും ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. 1952-ൽ തിരുകൊച്ചി ഗ്രാമപ്രമുഖൻ ശ്രീചിത്തിര തിരുനാൾ രാമവർമ്മ മഹാരാജാവ് ജമുന ത്രെഡ് മിൽസ് കൊരട്ടിയിൽ ഉദ്ഘാടനം ചെയ്‌തു. അതൊരു തുടക്കമായിരുന്നു. തുടർന്ന് 1965-ൽ ഗവൺമെന്റ് ഓഫ് ഇന്ത്യാ പ്രസ്സും, 1985- ൽ കാർബോറാണ്ടം യൂണിവേഴ്സ‌ലും വുഡ്ഹൗസും ആരംഭിച്ചു. ഈ കാലയളവിൽ തന്നെ നിരവധി എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ചെറുകിട വ്യവസായ യൂണിറ്റുകളും പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുമായി തുടങ്ങുകയുണ്ടായി. തൽഫലമായി കൊരട്ടിയിലെ കാർഷികാന്തരീക്ഷം ക്രമേണ വ്യാവസായിക അന്തരീക്ഷത്തിന് വഴിമാറി കൊടുത്തു.

ഒരു സെപ്ഷ്യൽ ഗ്രേഡ് പഞ്ചായത്തായ കൊരട്ടിക്ക് ഓർക്കാപ്പുറത്ത് ഇരുട്ടടിയാണ് ജമുന ത്രെഡ് മിൽ അടച്ചുപൂട്ടൽ. പ്രതീക്ഷയായി മദുര കോട്‌സിന്റെ സ്ഥലത്ത് 2009-ൽ സംസ്ഥാന സർക്കാർ ഐടി മേഖലക്ക് കരുത്തായി ഇൻഫോ പാർക്ക് ആരംഭിച്ചു